Friday, June 19, 2009

സന്തോഷം


ഉറങ്ങുമ്പോഴാണ്
എനിക്കേറ്റവും സന്തോഷം
ഞാ‍നതറിയാറില്ലങ്കിലും...

കണ്ണുതുറക്കും മുതല്‍
അടയ്ക്കും വരെ
ഭൂതഭാവിവര്‍ത്തമാന
കാലങ്ങളുടെ കേറ്റിയിറക്കങ്ങളാണ്.

ഞാനൊരു തുമ്പിയോ വേഴാമ്പലോ
ആയിരുന്നെങ്കിലെന്നു
സുഹ്രുത്തു പാടിയതു പോലെ...
മനുഷ്യനായി വേണ്ട അടുത്ത ജന്മം
ഒരു പൊട്ടക്കവിതയായ് ജനിച്ചാലും മതി...

ഉറങ്ങുമ്പോഴാണ്
എനിക്കേറ്റവും സന്തോഷം
ഞാ‍നതറിയാറില്ലങ്കിലും...

Tuesday, March 24, 2009

ജീവിതം


മഴയല്ല
കനത്ത വെയിലാണീ
ജീവിതം
മലയല്ല
ഉശിരന്‍
എവറസ്റ്റുതന്നെ....!!!

തപസ്സ്


എനിക്കറിയാം
നീ തപസ്സിലാണ്.
എന്റെ പ്രണയത്തിന്റെ
ഏങ്ങലടികളില്‍ നീ ഉരുവിടുന്ന
മന്ത്രങ്ങളൊക്കെയും
മുങ്ങിപ്പോകട്ടെ.....!!

എങ്കിലും
ഘോരതപസ്സില്‍ നിന്ന്
നീ ഉണര്‍ന്നെണീല്‍ക്കുമ്പോള്‍
മരിച്ചുകഴിഞ്ഞ എന്നെ ഒന്നുണര്‍ത്താന്‍ ശ്രമിക്കൂ....
നിനക്കതിനു കഴിഞ്ഞാല്‍
ഒരിക്കല്‍ക്കൂടി
എന്നെ
ഇഞ്ചിഞ്ചായ്
കൊല്ലാമല്ലോ....?????

Wednesday, March 18, 2009

അവള്‍ മരണമാകുന്നു


ഞാന്‍ ഒരു ജയമല്ല....
ചുവന്ന ആകാശം പോലെ എന്റെ ജീവന്‍
രക്തം വാര്‍ത്തൊഴുക്കുന്നു....
ഇടക്കൊന്നു തലയുയര്‍ത്തി ഞാന്‍...
നെടു നീളന്‍ ഫ്ലാറ്റ് ബ്രഷ് കൊണ്ടു പിറകില്‍ നിന്നും
അടിച്ചു വീഴ്ത്തി അവള്‍..!!

കൊല്ലരുതേ എന്ന്
കേണുകരഞ്ഞുഞാന്‍....
നിന്നെ കൊല്ലാതെകൊല്ലാനാ‍ണ് എന്റെ
ജീവിതമെന്നവള്‍....

വാക്കാല്‍....പ്രവര്‍ത്തിയാല്‍...
തരാത്ത ചുംമ്പനങ്ങളാല്‍ എന്നെ കൊല്ലാതെ കൊല്ലുന്നവളെ.....
മരണമാണു നീ എനിക്കു വിധിക്കുന്നതെങ്കിലും.....
കനത്ത പ്രണയമാണെന്റെയുള്ളില്‍

അരുതെന്നു ഞാന്‍ പറയുന്നില്ല.....
അരുതെന്നു നിനക്കു തോന്നും വരെ !

Friday, December 19, 2008

ജൂണ്‍ 04, 2006


ആദ്യം
പ്രണയമാണ് തിരിച്ചെടുത്തത്
പിന്നെ സ്നേഹം
ഒടുവില്‍ കാമം
ഓരോന്നോരോന്നായ് എല്ലാം
അവള്‍ തിരിച്ചെടുത്തു

എന്നെ മാറിമാറി ഊട്ടിവളര്‍ത്തിയ
മാറ് അവള്‍ ബലമായി തിരിച്ചെടുത്തു
എന്നെ ചേര്‍ത്തുപിടിച്ചിരുന്ന
കൈകള്‍ എടുത്തുമാറ്റി
ദൂരേക്കുമാറിനിന്നു....
ചുറ്റിപ്പിണയുമായിരുന്ന
അവളുടെ ഉടലിനിപ്പോള്‍
എന്നെക്കാണുമ്പോള്‍
അറപ്പാകുന്നു.....

എല്ലാം
തിരിച്ചെടുക്കുകയാണവള്‍
എന്നെയൊഴികെ മറ്റ് എല്ലാം.......!!

നിഴല്‍ സ്വപ്നങ്ങള്‍


മുകളില്‍ വിളറിയ ആകാശം
താഴെ നനഞ്ഞുകുതിര്‍ന്ന മരുഭൂമി
‘ ഇസ്രായേല്‍ 21കി.മീ ‘ എന്നെഴുതിയ
മൈല്‍ക്കുറ്റിക്കുമുകളില്‍
അവനിരുന്നു, ക്രിസ്തു !!

ചോരപ്പാടുകളോ
ആണികള്‍ ആഴ്ന്നിറങ്ങിയ
മുറിവുകളോ അവന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല...
എങ്കിലും അവന്‍ ക്രിസ്തു ആയിരുന്നു....

രാത്രി,
കുരിശിന്റെ നിഴലില്‍ അവന്‍ കിടന്നുറങ്ങി.
സ്വപ്നത്തില്‍ അവന്‍
മഗ്ദ്ലനമറിയത്തെ കണ്ടു
പുഴക്കുകുറുകെകിടന്ന ഒരു മരക്കുരിശില്‍ അവളിരിക്കുന്നു
കൈയ്യില്‍ കസന്‍ ദ സക്കിസിന്റെ
‘ ദ ലാസ്റ്റ് ടെംപ് റ്റേഷ്ന്‍ ഓഫ് ക്രൈസ്റ്റ് ....!! ’

അവള്‍ കരയുന്നുണ്ടായിരുന്നു
കണ്ണുനീര്‍ത്തുള്ളികള്‍ ഒരു കുഞ്ഞരുവിയായി
പുഴയിലേക്കു ചേര്‍ന്നുകൊണ്ടിരുന്നു
പുഴനിറഞ്ഞു , കരകവിഞ്ഞു
മറിയം വെള്ളത്തില്‍ മുങ്ങിപ്പോയി
പുഴക്കുമുകളിലൂടെ കസന്‍ ദ സക്കിസും...

ക്രിസ്തു ഞെട്ടിയുണര്‍ന്നു,
തന്റെ പാദങ്ങള്‍ക്കരികില്‍
ഒരു പുസ്തകം കിടന്നിരുന്നു.....
‘ ദ ലാസ്റ്റ് ടെംപ് റ്റേഷ്ന്‍ ഓഫ് ക്രൈസ്റ്റ് ....!! ’

ശ്ശ്....


പുറത്ത്
മഴയാണ്
മിണ്ടാതിരിക്ക്
മഴയെ
ശ്രദ്ധിക്ക്.....!!

ശ്ശീ


ഒരു
ദോശക്കല്ലിലേക്ക്
ഒരു
മഴത്തുള്ളി..!!

അപേക്ഷ


പെണ്ണേ
നീ എന്റെ മനസ്സില്‍ ചുവന്ന ചിത്രങ്ങള്‍ വരക്കരുത്
വര്‍ഷങ്ങള്‍ക്കുശേഷം അവ ചിലപ്പൊള്‍
പ്രസിദ്ധമാവുകയും ഒരുപക്ഷേ ചിതലെടുത്തുപോവുകയും
ചെയ്തേക്കാം

പെണ്ണേ
നീ എന്റെ പാവം മനസ്സിനെ
ഒരു സിത്താറായി മാറ്റരുത്
മാസങ്ങള്‍ക്കു ശേഷം
സിത്താറിന്റെ ഈണക്കമ്പികളില്‍
വഴിയാത്രക്കാര്‍ അലക്കുതുണികള്‍
വിരിച്ചേക്കാം....

പെണ്ണെ
നീ എന്റെ മനസ്സിനെ
ഒരു മഴയാക്കി മാറ്റരുത്.
പെരുമഴക്കും, വരണ്ടദിവസങ്ങള്‍ക്കും ശേഷം
ഞാന്‍
നിന്നെ
അതി ഗാഡമായി
പ്രണയിച്ചു പോയേക്കാം......

അമ്മയും ഉമ്മയും



അമ്മയില്‍ നിന്നും
ഉമ്മയുണ്ടായി
ഉമ്മയില്‍നിന്നും
സ്നേഹവും...!!

അവള്‍


ഞാന്‍
നിലാരമ്പരില്‍
നിലാരമ്പനായവന്‍
അവള്‍ക്കുമെനിക്കുമിടയില്‍
പ്രണയം
ചവിട്ടേറ്റ
ഒരു
സിഗരറ്റ്...!!

ഭ്രാന്ത്



അവള്‍
തടിക്കഷണങ്ങള്‍ക്കിടയില്‍
അകപ്പെട്ട
ഒരെറുമ്പാണ്...
ഞാന്‍
തീക്കനലുകള്‍ക്കിടയിലെ
ഒരു
ജലത്തുള്ളി....

ശ്വാസം


“ എന്റെ ശ്വാസമെവിടെ ? “
ഞാന്‍ കാറ്റിനോടു ചോദിച്ചു
“ ഒരുപെരുമഴവന്നു കൊണ്ടു പോയീ..”
കാറ്റിന്റെ മറുപടി.

പിന്നെ എനിക്കു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.....
ഞാന്‍ ശ്വാസമില്ലാതെ മരിച്ചുവീണു......!!!

കവിത


നിറഞ്ഞ് പോയതായിരുന്നു
ആ കണ്ണുകള്‍ ,
പിന്നെ തിരിഞ്ഞുനോക്കാതെ ഓടി മറഞ്ഞു.....
പാതിവഴിയെത്തിയ വിളിപോലും
കേള്‍ക്കാന്‍ നില്‍ക്കാതെ.....

ചുവന്ന റിബണുകള്‍
ലാല്‍ സലാമല്ലെന്നും
കുഴിയുള്ള തടിക്കഷണങ്ങള്‍
വള്ളങ്ങളല്ലെന്നും ഞാന്‍
പ്രസംഗിച്ചു നടന്നു

ജീവിതത്തെ ചിത്രങ്ങളാക്കാന്‍
കാമുകിയുടെ അഭ്യര്‍തന !
അതിനു ജീവിതമെവിടെ എന്നു ഞാന്‍ !
പിന്നെ വിളിക്കാന്‍ തോന്നിയതേയില്ല.

സ്വപ്നങ്ങള്‍


സ്വപ്നങ്ങള്‍ കാണാന്‍
എനിക്കിഷ്ട്മല്ലായിരുന്നു...
കണ്ട് കണ്ട്
ഞെട്ടിയുണര്‍ന്ന രാത്രികളൊന്നും
ഇപ്പൊഴും മറന്നിട്ടുമില്ല........

അമ്മ മരിക്കുന്നത്,
അച്ചന് അപകടം പിണയുന്നത്,
ഞാന്‍ നൂല്‍പ്പാലത്തില്‍ നിന്നും താഴേക്കുവീഴുന്നത്,
പിന്നെ കാമുകി ചതിക്കുന്നത്
അങ്ങനെ എത്ര ദുസ്വപ്നങ്ങള്‍..!!

ഇതിനിടയില്‍
“ ദുസ്വപ്നങ്ങള്‍ “ എന്ന തലക്കെട്ടിലും കണ്ടു
ഒരു സ്വപ്നം

മഴ പെയ്യുന്നത്, ഇലകള്‍ കൊഴിയുന്നത്,
മേഘങ്ങള്‍ ഒഴുകുന്നത്,
തുമ്പികള്‍ പാറിക്കളിക്കുന്നത് ഒന്നും
കണ്ടിട്ടുമില്ല ഞാന്‍ .....

തുമ്പികള്‍ , മഴ, മേഘം, ഇലകള്‍, പ്രണയം
പിന്നെയീ ജീവിതം..
ഇവയെല്ലാം
ഓരോ സ്വപ്നങ്ങളാണിപ്പോള്‍

ശേഷിക്കുന്ന
കുറേ സ്വപ്നങ്ങള്‍ ......!!